Friday, August 14, 2015

______വിഴിഞ്ഞം പിഴിഞ്ഞെടുക്കരുത് _____
  _____ആശങ്കകള്‍ പരിഹരിക്കണം _______
__________________________________________


വിഴിഞ്ഞം പദ്ധതിക്കെന്നല്ല, ഒരു വികസന പദ്ധതിക്കും വിഴിഞ്ഞം പ്രദേശത്തുള്ളവര്‍ എതിരല്ല. പള്ളികളും സെമിത്തെരികളും പൊളിച്ചു നീക്കി കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് സ്ഥലം വിട്ടു നല്‍കിയത് ഉള്‍പ്പെടെ വലിയ ത്യാഗങ്ങള്‍ പലരും ചെതിട്ടുണ്ട്. തിരുവനന്തപുരത്തും, ബഹിരാകാശ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് ഉള്‍പ്പെടെ സ്ഥലം വിട്ടു കൊടുത്ത ചരിത്രവും ഈ സമൂഹത്തിനുണ്ട്.
പക്ഷെ 7525  കോടി രൂപയുടെ വിഴിഞ്ഞം പദ്ധതി വരുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ ആശങ്കകള്‍ പരിഹരിക്കണം എന്ന ആവശ്യം നിരാകരിച്ചു പദ്ധതിയുമായി മുന്നോട്ടുപോകുന്നത് യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ആശങ്കകള്‍ കണ്ടില്ലെന്നു നടിച്ചു വിഴിഞ്ഞം പിഴിഞ്ഞെടുക്കുന്നതിനു തുല്യമാണ്. പ്രദേശ വാസികളുടെ സഹകരണമില്ലാതെ ലോകത്തില്‍ ഒരു തുറമുഖവും പച്ച പിടിച്ച ചരിത്രമില്ല എന്നതും ഇവിടെ കൂട്ടി വായിക്കണം.

എന്താണ് പദ്ധതി 
വിഴിഞ്ഞം തുറമുഖം നാല്‍പ്പതു മുതല്‍ അറുപതു വര്ഷം വരെ പ്രവര്ത്തിപ്പിക്കുന്നതിനു അദാനി ഗ്രൂപിന് വിട്ടുനല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നിലവിലുള്ള വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് ഏകദേശം 500 മീറ്റര്‍ തെക്ക് മാറി വലിയ കടപ്പുറത്ത് നിന്നും ആരംഭിച്ചു 1.2 കിലോമീറ്റര്‍ കടലിലേക്ക്‌ പോയി തെക്കോട്ട്‌ തിരിഞ്ഞു 3.2 മീറ്റര്‍ നീളമുള്ള പുലിമുട്ട് ചൊവ്വര അടിമലത്തുറ ഭാഗത്താണ് അവസാനിക്കുന്നത്.
400 മീറ്റര്‍ വീതിയുള്ള ഇതിന്റെ പ്രവേശന കവാടത്തിലൂടെ മദര്‍ ഷിപ്പുകള്‍ക്ക് പ്രവേശിക്കാന്‍ ഈ പ്രദേശം 20.4 മീറ്റര്‍  ആഴം ആക്കണമെന്ന് പരിസ്ഥിതി പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൂടാതെ 66 ഹെക്ടര്‍ (165 ഏക്കര്‍) കടല്‍ നികത്തുകയും വേണം. മറ്റു തുറമുഖങ്ങളില്‍ നിന്ന് വ്യതസ്തമായി തുറസ്സായ കടലില്‍ പുലിമുട്ടുകള്‍ ഉപയോഗിച്ചുള്ള കൃത്രിമ തുറമുഖമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 

പുലി മുട്ടിന്റെ ആശങ്കകള്‍ 
തിരുവനന്തപുരത്തെ മുതലപ്പൊഴിയിലും കന്യാകുമാരിയിലെ തെങ്ങപ്പട്ടണത്തും അര കിലോമീറ്റര്‍ മാത്രം നീളമുള്ള പുലി മുട്ടിന്റെ നിര്‍മ്മനത്തെതുടര്‍ന്നു വലിയ നഷ്ടങ്ങളാണ് ഗ്രാമങ്ങളായ താഴംപള്ളിയിലും പൂന്തുറയിലും അഞ്ചുതെങ്ങിലും വലിയ കര നഷ്ടവും കടലാക്രമണവും ഉണ്ടായി. നൂറിലധികം വീടുകള്‍ തകര്‍ന്നു. കടപ്പുറം ഇല്ലാതായതിനാല്‍ ഉപജീവന മാര്‍ഗം ഇല്ലാതായി.

കരയെടുക്കല്‍ ആശങ്കകള്‍ 
വിഴിഞ്ഞം പരിസ്ഥിതി പഠന റിപ്പോര്‍ട്ട് പ്രകാരം പദ്ധതി പ്രദേശമായ മുല്ലൂര്‍ മുതല്‍ ചൊവ്വര വരെ മാത്രമേ കടല്‍ നികത്തുന്നതിലൂടെ തീരാ നഷ്ടവും മത്സ്യ ബന്ധന തൊഴില്‍ നഷ്ടവും ഉണ്ടാകുകയുള്ളൂ. എന്നാല്‍ ഈ പഠനത്തിന്റെ ആദ്യ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള വിഴിഞ്ഞം മത്സ്യ ബന്ധനതിനായി 400 മീറ്റര്‍ പുലിമുട്ട് നിര്‍മ്മിച്ചപ്പോള്‍ പൂന്തുറയില്‍  200 മീറ്റര്‍ കര നഷ്ടപ്പെട്ടു എന്ന് രേഖപ്പെടുത്തിയ കാര്യം പിന്നീട് ഒഴിവാക്കുകയാണ് ഉണ്ടായത്. പുലിമുട്ട് നിര്‍മ്മാണ അനുഭവങ്ങളുടെ വെളിച്ചത്തില്‍ 3.2 മീറ്റര്‍ പുലിമുട്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ കോവളം മുതല്‍ വടക്ക് വേളി വരെയും, അതിനപ്പുറത്തും തീരശോഷണം ഉണ്ടാകാന്‍ ഇടയുണ്ട്. ഇത്തരത്തില്‍ പദ്ധതിയുടെ ഭാഗമല്ലാതെ സ്വാഭാവികമായി ജനം കുടിയോഴിയെണ്ടി വരുമ്പോള്‍ അത് പ്രകൃതി ദുരന്തത്തിന്റെ പരിധിയില്‍ പോലും വരില്ല എന്നാണു ആശങ്ക.
പുലിമുട്ട് നിര്‍മ്മാണത്തിന് എത്ര പാറമടകളും മലകളും നിരത്തേണ്ടി വരും എന്ന് തുടങ്ങി പരിസ്ഥിതി സംബന്ധമായ പൊതു  പ്രശ്നങ്ങള്‍ വേറെ.

അവരെ ജീവിക്കാന്‍ അനുവദിക്കണം
വിഴിഞ്ഞം പദ്ധതി വരട്ടെ. പക്ഷെ കൊച്ചി വല്ലാര്‍പാടം കണ്ടയ്നെര്‍ ടെര്‍മിനല്‍ ഇന്ന് പെടു നഷ്ടത്തിലാണെന്ന കാര്യം ഓര്‍മ്മയിലുണ്ടാകണം. പദ്ധതി വരുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മൂലം നഷ്ടങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് പുനരധിവാസം സാധ്യമാക്കുന്ന രീതിയിലുള്ള 
സംവിധാനങ്ങള്‍ ഉണ്ടാക്കണം. അല്ലാതെ ഇപ്പോള്‍ നേരിട്ട് ബാധിക്കുന്ന ഏതാനും ചീന വലകള്‍ക്കുള്ള നഷ്ടപരിഹാരവും മറ്റും മാത്രം കണക്കാക്കി പാക്കേജ് ഉണ്ടാക്കിയെന്നു പറയുന്നത് ശരിയല്ല. ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ളതും, അനുഭവങ്ങളും ശാസ്ത്രങ്ങളും പടിപ്പിച്ചതുമായ കാര്യങ്ങളെത്തുടര്‍ന്ന് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും പരിഹാരമുണ്ടാക്കണം. പ്രദേശ വാസികളെ ജീവിക്കാന്‍ അനുവദിക്കണം.








No comments:

Post a Comment